അഗ്‌നിപഥ് : ഒളിയജണ്ടകള്‍ പ്രായോഗികവത്കരിക്കുമ്പോള്‍

SHARE:

സൈന്യത്തിന്റെ പ്രൊഫഷണലിസത്തിലും നെറികേടിന്റെ പൊളിറ്റിക്‌സ് ഉപയോഗിച്ച് മിലിട്ടറി വ്യവസ്ഥിതിയെ തന്നെ അസ്ഥാനത്ത് കൈകാര്യം ചെയ്യാനുള്ള നീക്കമാണ്  അഗ്‌നിപഥ്(Agneepath scheme) വഴി തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യദ്രോഹപരമായ ഹിഡന്‍ പ്രൊപ്പഗണ്ടയുടെ ആദ്യ ചുവടായിട്ട് വേണം ഈ അഗ്‌നിപരീക്ഷണത്തെ കാണാന്‍. സ്വതത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സൈനിക റിക്രൂട്ട്‌മെന്റ് റാലിയുടെ രീതിയും ചട്ടങ്ങളും മാറ്റിമറിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെച്ചിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ നാല് വര്‍ഷത്തെ കരാര്‍ തൊഴിലാളികളായി യുവജനങ്ങളെ അതിര്‍ത്തിയിലേക്ക് ക്ഷണിക്കുന്നതിലാണ് 'ദുരൂഹത'.45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസ്  (NSSO) പുറത്തുവിട്ട കണക്ക് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 

17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക്കരസേനയിലും നാവികസേനയിലും വ്യോമസേനയിലും സൈനികരെ ഹ്രസ്വകാല കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്‌നിപഥ്.  ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ സൈനികകാര്യ വിഭാഗമാണ് ടൂര്‍ ഓഫ് ഡ്യൂട്ടി എന്നറിയപ്പെടുന്ന, അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിഭാവനം ചെയ്തത്. രണ്ടു വര്‍ഷം കൊവിഡ് കാരണം സൈനിക റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. അതിനാല്‍ ഈ വര്‍ഷം മാത്രം 23 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാം.വനിതകളെയടക്കം മൂന്നു സേനാവിഭാഗങ്ങളിലേയ്ക്കും നിയമനമുണ്ടാവും. ജവാന്‍(കരസേന), എയര്‍ വാര്യര്‍(വ്യോമസേന), സെയ്ലര്‍ (നാവികസേന) എന്നിങ്ങനെ ഓഫിസര്‍ റാങ്കില്‍ താഴെയുള്ള തസ്തികകളിലേയ്ക്കുമാണ് നിയമനം. ശാരീരികക്ഷമത പരിശോധിക്കുന്ന റിക്രൂട്ട്മെന്റ് റാലികളിലൂടെയാണ് നിയമനം നടത്തുക. ആരോഗ്യവും ശാരീരികശേഷിയുമുള്ള ഒരു സേനയ്ക്കു രൂപംനല്‍കുക, സേനയുടെ യുവത്വം ഉറപ്പുവരുത്തുക എന്നിവയാണ് സൈനിക നിയമനത്തിലെ ചരിത്രപരമായ ഈ മാറ്റം ലക്ഷ്യമിടുന്നത്.

പത്താംക്ലാസാണ് അടിസ്ഥാന യോഗ്യതയാക്കിയ പദ്ധതിയില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ അഗ്‌നിവീര്‍ എന്നാണ് അറിയപ്പെടുക. ഇവര്‍ക്ക് പ്രതിമാസം 30,000 രൂപ മുതല്‍ 40,000 രൂപ വരെ വേതനം ലഭിക്കും. ആദ്യത്തെ ആറുമാസം ട്രെയിനിങ്ങും പിന്നീടുള്ള മൂന്നര വര്‍ഷം സര്‍വിസുമായിരിക്കും. അടുത്ത 90 ദിവസത്തിനുള്ളില്‍ നിയമനം ആരംഭിക്കുകയും 2023 ജൂലൈയോടെ ആദ്യ ബാച്ച് പുറത്തിറങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1112 ലക്ഷം രൂപയുടെ പാക്കേജുമായി അവരില്‍ ഭൂരിഭാഗവും (75 ശതമാനം) പെന്‍ഷനോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ നിര്‍ബന്ധിതമായി വിരമിക്കേണ്ടിവരും. മൊത്തം വാര്‍ഷിക നിയമത്തിന്റെ 25 ശതമാനം പേര്‍ക്ക് മാത്രമേ സ്ഥിരം ജോലിയില്‍ (15 വര്‍ഷം) തുടരാനാവുകയുള്ളൂ. സര്‍വിസ് കാലയളവില്‍ പരുക്കുമൂലം ജീവന്‍ നഷ്ടപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രം അഭിമുഖീകരിക്കുന്ന ഭാവി സുരക്ഷാവെല്ലുവിളികളെ നേരിടാന്‍ യുവസൈനികരെ പ്രാപ്തമാക്കുന്നതിനുവേണ്ടി പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമനപ്രക്രിയയാണ് തകിടംമറിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡും യുപിയും അഗ്‌നിവീര്‍ പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് ഡേറ്റ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു ഒരു മാസത്തിനുള്ളില്‍ തന്നെ മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 ലക്ഷം കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.

2022-23 ലെ 5,25,166 കോടി രൂപയുടെ പ്രതിരോധ ബജറ്റില്‍ പ്രതിരോധ പെന്‍ഷനുകള്‍ക്കായി 1,19,696 കോടി രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റവന്യൂ ചെലവുകള്‍ക്കായി 2,33,000 കോടി രൂപയും വകയിരുത്തി. റവന്യൂ ചെലവില്‍ ശമ്പളം നല്‍കുന്നതിനും സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുമുള്ള ചെലവുകള്‍ ഉള്‍പ്പെടുന്നതാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യം കാക്കേണ്ട സൈനികരുടെ പ്രൊഫഷണലിസം അവര്‍ വര്‍ഷങ്ങളായി ആര്‍ജിക്കുന്നതാണ്. വെറും നാലുവര്‍ഷത്തെ സേവനത്തിനുശേഷം യുവത പുറത്തുവരുമ്പോള്‍ ആ പ്രൊഫഷണലിസത്തിന് മങ്ങലേല്‍ക്കുക മാത്രമല്ല, ആ റെജിമെന്റിന്റെ സ്വഭാവത്തെയും ധാര്‍മിക ചിന്തയെയും പോരാട്ടവീര്യത്തെപ്പോലും ബാധിക്കുകയും ചെയ്യും. നാലുവര്‍ഷത്തിനുശേഷം തൊഴില്‍ രഹിതരായി നാടുനീളെ ഒരുപക്ഷേ അലയേണ്ടിവരുന്ന ആയിരക്കണക്കിന് അഗ്‌നിവീരന്‍മാര്‍ സാമൂഹ്യപ്രശ്നമാവില്ലെന്ന് നാടിനെ ബോധ്യപ്പെടുത്താന്‍ കേന്ദ്രത്തിനായിട്ടില്ല.

തൊഴില്‍ അന്വേഷണത്തിന്റെ പ്രാരംഭദശയിലാണ് സൈനികസേവനമെന്ന മോഹന വാഗ്ദാനം ചെയ്ത് യുവാക്കളെ ആകര്‍ഷിക്കുന്നത്. 46000 പേരെ റിക്രൂട്ട് ചെയ്താല്‍ത്തന്നെ അവരില്‍ എത്രപേരെ തുടരാന്‍ അനുവദിക്കും.? നാടിനെ സൈനികവല്‍ക്കരിക്കുന്ന ഒരു പ്രക്രിയയായി ഇത് മാറിയേക്കാമെന്നും ആശങ്കയുമുണ്ട്. രാജ്യത്തെ വലിയ വിഭാഗം യുവതയെ ഇത് അപകടത്തിലാക്കുമെന്ന രാഷ്ട്രീയ കക്ഷി നേതാക്കളുടെ ആശങ്ക ഇവിടെയാണ് പ്രധാനമായും പങ്കുവയ്ക്കപ്പെടുന്നത്. എന്നാല്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് സൈനികര്‍ വിരമിച്ച് പൊതുസമൂഹത്തിന്റെ ഭാഗമാകുന്നുണ്ടെന്നും ഇവര്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാവുന്നതല്ലാതെ ഭീഷണിയാകുന്നില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്.

ലോകത്ത് നിരവധി രാജ്യങ്ങളില്‍ ഇത്തരം പദ്ധതികള്‍ പ്രാബല്യത്തിലുണ്ട് എന്നത് ശരി തന്നെ. അമേരിക്കയില്‍ നാല് വര്‍ഷ സേവനവും തുടര്‍ന്ന് നാലുവര്‍ഷ റിസര്‍വ് ഡ്യൂട്ടിയും പിന്നീട് 20 വര്‍ഷ തുടര്‍സേവനവുമാണ് രീതി. ചൈനയിലാകട്ടെ പ്രതിവര്‍ഷം നാലര ലക്ഷം യുവാക്കളെയാണ് രണ്ടു വര്‍ഷ നിര്‍ബന്ധിത സൈനിക സേവനത്തിന് നിശ്ചയിക്കുന്നത്. ഇസ്റാഈലിലും വ്യത്യസ്തമല്ല. ഫ്രാന്‍സില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒന്നുമുതല്‍ അഞ്ച് വര്‍ഷം വരെ സേവനം ചെയ്യാം. പക്ഷെ ഇന്ത്യയുടെ സാഹചര്യം വ്യത്യസ്തമാണെന്ന് മനസ്സിലാക്കണം.


അഗ്‌നിപഥ് യഥാര്‍ത്ഥത്തില്‍ രാജ്യരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന പദ്ധതിയാണ്, നാലു വര്‍ഷത്തെ ആയുധ പരിശീലനം നേടി പുറത്തിറങ്ങുന്നവരുടെ തൊഴിലില്ലായ്മ തന്നെയാണ് പ്രധാന പ്രശ്‌നം, തീവ്രവാദ ഗ്രൂപുകളില്‍ ആകൃഷ്ടരാകാം, ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ ഗ്രൂപ്പായ ആര്‍എസ്എസ് അവരെ ഉപയോഗപ്പെടുത്തും. ആര്‍എസ്എസ് കാരല്ലാത്തവര്‍ പരിശീലനം നേടി മറുവശത്തുണ്ടെങ്കില്‍ സിറിയയില്‍ സംഭവിച്ചത് പോലെ 'സൈന്യം' രണ്ടു മുന്നണിയാകും. 

അമേരിക്കയോ ഇസ്രയേലോ പോലെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ ജോലിയും കൂലിയും ഉള്ള രാജ്യങ്ങളെ അനുകരിച്ച് ദരിദ്ര രാജ്യങ്ങള്‍ സൈനീക പരിശീലനം കൊടുത്താല്‍ ആഭ്യന്തര കലഹത്തിനും അധോലോക സംഘങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമാകും. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദം ഉയര്‍ന്നപ്പോള്‍ തീവ്രവാദികള്‍ക്ക് ആയുധ പരിശീലനം നല്‍കിയത് റിട്ടയേര്‍ഡ് പട്ടാളക്കാരായിരുന്നു. ആര്‍എസ്എസ് ന് പലയിടങ്ങളിലും റിട്ടയേര്‍ഡ് പട്ടാളക്കാരുടെ പരിശീലനം ഇപ്പോഴും കിട്ടുന്നുമുണ്ട്. സംജോത എക്‌സ്പ്രസ്സില്‍ ബോംബ് വെച്ച കേണല്‍ പുരോഹിത് സര്‍വ്വീസില്‍ ഇരിക്കുമ്പോഴാണ് ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പാര്‍ലമെന്റ് ആക്രമണത്തിന് വന്ന തീവ്രവാദികളെ സഹായിച്ച ദേവീന്ദര്‍ സിങ് സര്‍വ്വീസിലുള്ള പൊലീസുകാരനാണ്, പട്ടാള സേവനം കഴിഞ്ഞു നേരെ ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിയായ മുന്‍ കരസേനാ മേധാവി വികെ സിംഗും വലിയ സിംബലായ മുമ്പിലുണ്ട്. പതിനഞ്ചു വര്‍ഷത്തെ സേവനം കഴിഞ്ഞ സൈനികര്‍ക്ക് പോലും ,മനോനിയന്ത്രണം ഇല്ലാത്തിടത്ത് നാലു വര്‍ഷത്തെ ആയുധ പരിശീലനം നേടിയവര്‍ സമൂഹത്തില്‍ ഉണ്ടായാലുള്ള അവസ്ഥ എത്രമേല്‍ പരിതാപകരമായിരിക്കും...? 

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്ഥാന്‍ ഉള്‍പ്പടെ പല രാജ്യങ്ങളും സൈനിക അട്ടിമറിക്ക് വിധേയരായിട്ടുണ്ട്. പലയിടങ്ങളിലും ആഭ്യന്തര കലാപങ്ങള്‍ ഉണ്ടായി, പല രാജ്യങ്ങളും ഛിന്നഭിന്നമായി. ഇവിടങ്ങളിലെല്ലാം സൈന്യത്തിന് കൃത്യമായ റോളുണ്ടായിരുന്നു. ഇന്ത്യയില്‍ സൈനികര്‍ രാഷ്ട്രീയ സംഘടിക്കാതിരിക്കാനും പക്ഷപാതികളാകാതിരിക്കാനുമുള്ള ശ്രദ്ധ നെഹ്രുവിന്റെ നേതൃത്വത്തില്‍ തുടക്കം മുതലേ ഭരണകൂടം സ്വീകരിച്ചിരുന്നതിനാലാണ് 'മഹത്തായ സൈന്യമായി ' ഇന്ത്യന്‍ സേന നിലനിന്നത്, ആ സൈന്യത്തിലേക്കാണ് ഇപ്പോള്‍ ആര്‍എസ്എസ് നുഴഞ്ഞു കയറ്റം നടത്തുന്നത്. 

അഗ്‌നിപഥ് പദ്ധതിയുടെ രൂപരേഖകള്‍ ഇപ്പോഴും അവ്യക്തമാണ്. പദ്ധതി പ്രകാരം നിയോഗിക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന ആറുമാസ പരിശീലനം, ജവാന്മാരെ ശരിയാം വിധം സജ്ജമാക്കിയെടുക്കാന്‍ നല്‍കുന്ന 2-3 വര്‍ഷ പരിശീലനവുമായി താരതമ്യം ചെയ്യുമ്പോള്‍ 'തികച്ചും അപര്യാപ്ത'മാണ് എന്ന് ഓഫിസര്‍മാര്‍ പറയുന്നു. അവരുടെ അനുഭവ പരിചയമില്ലായ്മ മറ്റു  യൂനിറ്റുകള്‍ക്ക് തടസ്സമാകുമെന്നും കടുത്ത സാഹചര്യങ്ങളില്‍ ഈതുടക്കക്കാരെ മനസ്സിലാക്കിയെടുക്കുക എന്നത് പരിചയസമ്പന്നരായ സൈനികരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നും പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.സായുധസേനയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പുമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പോലും ചൂണ്ടികാട്ടിയത് അതിനാലാണ്.

സൈന്യത്തിന്റെ പ്രൊഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള മേഖലയാണ് മിലിട്ടറി. പക്ഷെ പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നല്‍കി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കും. പ്രതിരോധ മേഖലയില്‍ ചെലവു കുറക്കാനുള്ള സര്‍ക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന് വിമര്‍ശനമുണ്ട്. കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് അഗ്‌നിപഥില്‍ ചെയ്യുന്നത്. പിരിഞ്ഞുപോകുമ്പോള്‍ ഇവര്‍ക്ക് നിശ്ചിത തുക നല്‍കുക മാത്രമാണ് ചെയ്യുന്നത്. റാങ്കില്ല, പെന്‍ഷനില്ല, നേരിട്ടുള്ള നിയമനമില്ല, സ്ഥിരമായ ജോലിയുമില്ല, സൈന്യത്തോട് സര്‍ക്കാര്‍ കാണിക്കാറുള്ള ആദരവുമില്ല. യുദ്ധങ്ങളെ അഭിമുഖീകരിക്കാന്‍ പരിചയ സമ്പത്തുള്ള സൈനികരുണ്ടാവുകയുമില്ല.  ഓരോ വര്‍ഷവും ഇങ്ങനെ സൈന്യത്തിലേക്ക് താല്‍ക്കാലിക സര്‍വിസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ നയം. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് 25% പേരെ മാത്രമാണ് 15 വര്‍ഷത്തേക്ക് നിയമിക്കുന്നത്. മറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലാണ്. അങ്ങനെയാവുമ്പോള്‍ 75 ശതമാനത്തോളം ആളുകള്‍ തൊഴില്‍രഹിതരാകും. നാല് വര്‍ഷത്തെ വിരമിക്കല്‍ സമയമാകുമ്പോഴേക്കും ഇവരുടെ പ്രായപരിധിയും വര്‍ധിക്കും. ഇത് മറ്റ് ജോലികള്‍ ലഭിക്കുന്നതിനും തടസ്സമാവും. ഇതിന് പുറമെ ഇവര്‍ക്ക് നല്‍കുന്ന പരിശീലന ചെലവടക്കമുള്ളതും നഷ്ടമാണ്.

നാല് വര്‍ഷത്തെ സൈനിക സേവനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഏഴ് അര്‍ദ്ധ സൈനിക പൊലീസ് വിഭാഗങ്ങളിലേക്ക് മുന്‍ഗണനയുണ്ടായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനം. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്എഫ്, ഐടിബിപി, എന്നവയിലടക്കം മുന്‍ഗണനയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിയമപരമായി യാതൊരു ഉറപ്പുമില്ല.

വളരുന്ന പെന്‍ഷന്‍ ഭാരമാണ് ഇന്ത്യന്‍ സേനകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലോകരാജ്യങ്ങള്‍ അവയുടെ സൈന്യത്തെ നിരന്തരം നവീകരിച്ചു മുന്നേറുമ്പോള്‍ ഇന്ത്യന്‍ സേന പെന്‍ഷന്‍ ഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണെന്നാണ് സൈന്യങ്ങളുടെ പരാതി. പരമ്പരാഗതമായ ബൂട്ടിട്ട കാലാള്‍പ്പടയല്ല, ഡ്രോണുകള്‍, ബഹിരാകാശ സാങ്കേതികവിദ്യ, സൈബര്‍ യുദ്ധക്രമം എന്നിങ്ങനെ പോര്‍മുഖത്ത് പുതിയ രീതികള്‍ വന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡിഫന്‍സ് വിദഗ്ധരുടെയും സൈനിക വിദഗ്ധരുടെയുമെല്ലാം അഭിപ്രായം. അതുകൊണ്ട് കാലാള്‍പ്പടയുടെ എണ്ണം കുറയ്ക്കുക, അതുവഴി വര്‍ധിച്ചുവരുന്ന പെന്‍ഷന്‍ തുക കുറച്ചു കൊണ്ടുവരിക, സൈന്യത്തിന്റെ യൗവനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നിയമനരീതി പരിഷ്‌കരിക്കുക എന്നതായിരുന്നു പരിഷ്‌കരണവാദികള്‍ ലക്ഷ്യമിട്ടത്. ആ വഴിയിലേയ്ക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.

ഇപ്പോഴത്തെ കണക്കനുസരിച്ച് സേനാവിഭാഗങ്ങളില്‍നിന്നു പെന്‍ഷന്‍ പറ്റിയ ഏതാണ്ട് 32 ലക്ഷം പേരുണ്ട്. രാജ്യത്തൊട്ടാകെ ഇതിനുപുറമേ ഓരോ വര്‍ഷവും ഏകദേശം 55,000 പേര്‍ സര്‍വിസില്‍നിന്ന് പെന്‍ഷന്‍ പറ്റുകയും ചെയ്യുന്നു. പ്രതിരോധവകുപ്പിന്റെ ചെലവിന്റെ 26 ശതമാനവും പെന്‍ഷനു നീക്കിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ നിലയ്ക്ക് ഏതെങ്കിലും സൈനിക വിഭാഗത്തില്‍ ഉയരുന്ന ഒരാള്‍ പരമാവധി സേവനമനുഷ്ഠിക്കുന്നത് 15 വര്‍ഷമാണ്. സര്‍വിസില്‍നിന്നു പിരിഞ്ഞശേഷം പെന്‍ഷന്‍ വാങ്ങുന്നത് 50 വര്‍ഷത്തിലേറെക്കാലം. ഇന്ത്യന്‍ പ്രതിരോധ സേനകളില്‍ 12 ലക്ഷത്തിലേറെ പേരാണ് ഇപ്പോള്‍ ജോലി നോക്കുന്നത്. ഈ എണ്ണം പരാമവധി കുറയ്ക്കുക എന്നതു തന്നെയാണു ലക്ഷ്യം.

പക്ഷേ അതിരൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന ഇന്ത്യയില്‍ യുവാക്കള്‍ ഇതിനെ എങ്ങനെ കാണുമെന്ന ചോദ്യം പദ്ധതി വിഭാവനം ചെയ്ത വിദഗ്ധര്‍ മുന്‍കൂട്ടി കണ്ടില്ലെന്നു വേണം മനസ്സിലാക്കാന്‍. ബിഹാര്‍, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ പ്രദേശങ്ങളില്‍ത്തന്നെയാണ് സമരം ശക്തമായ രീതിയില്‍ പൊട്ടിപ്പുറപ്പെട്ടതും. സൈനികരാകാന്‍ ഒരുങ്ങി രാജ്യത്തെ നിരവധിയായ റിക്രൂട്ടിങ്-പഠന കേന്ദ്രങ്ങളില്‍ ശാരീരിക ക്ഷമതയ്ക്കായും എഴുത്തുപരീക്ഷയ്ക്കായും തയാറെടുക്കുന്നവരും അതൊക്കെ കഴിഞ്ഞ് ഫലം കാത്തിരിക്കുന്നവരുമായ അനവധി യുവാക്കള്‍ക്ക് അവസരം നഷ്ടപ്പെടുന്നു എന്നതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

75 ശതമാനം സൈനികരും നാലുവര്‍ഷത്തിനുശേഷം തൊഴില്‍ രഹിതരാകുകയും അവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുകയും ചെയ്യും. വിരമിച്ച സൈനികര്‍ക്ക് പിന്നീട് ജോലിയവസരങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ നിരാശരാകുന്ന സൈനികര്‍ തെരുവുയുദ്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. 15 വര്‍ഷത്തിനുശേഷം വിരമിക്കുന്ന സാധാരണ സൈനികരെപ്പോലും നിയമിക്കാന്‍ കോര്‍പറേറ്റ് മേഖല വലിയ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തില്‍ നാലുവര്‍ഷംകൊണ്ട് വിരമിച്ച ഈ സൈനികരുടെ പ്രതീക്ഷകള്‍ എന്തായിരിക്കും..?

രാജ്യത്തെ തൊഴിലില്ലായ്മ അസാധാരണമായി വര്‍ദ്ധിക്കുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) പ്രതിമാസ ടൈംസീരിയസ് ഡാറ്റയുടെ റിപ്പോര്‍ട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 8.10 ശതമാനമായിരുന്നു.  ഇതില്‍ 34 ശതമാനവും 20-നും 24-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. തൊഴിലില്ലായ്മ ഒരു പൗരനെ മാത്രമല്ല, അയാള്‍ ജീവിക്കുന്ന രാജ്യത്തിന്റെ പുരോഗതിയെക്കൂടി ബാധിക്കുന്ന വിഷയമാണ്. 2017-18ല്‍ തൊഴിലില്ലായ്മ നിരക്ക് 6.55 ശതമാനമായി ഉയര്‍ന്നിരുന്നു. ഇതു മറച്ചുവയ്ക്കാന്‍ കുറച്ചുനാള്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. ഇപ്പോള്‍ ലഭ്യമായിട്ടുള്ള സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കു പ്രകാരവും രാജ്യത്തെ തൊഴിലില്ലായ്മ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ്.

യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്ത ഘട്ടം കഴിഞ്ഞ് ഇന്ത്യ യുവാക്കളുടെ മോഹഭംഗമെന്ന അടുത്ത ഘട്ടത്തിലെത്തി എന്നാണ് 'സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി' നിരീക്ഷിക്കുന്നത്. തൊഴില്‍യോഗ്യതയും ശേഷിയുമുള്ളവര്‍ പോലും തൊഴിലന്വേഷണത്തില്‍നിന്ന് പിന്‍വാങ്ങുന്നു. ഒന്നേമുക്കാല്‍ കോടി വരുമത്രെ യോഗ്യതയുണ്ടായിട്ടും തൊഴിലന്വേഷണത്തില്‍നിന്ന് മാറിനില്‍ക്കുന്നവര്‍. 'യുവജന മോഹഭംഗം' എന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം വിശേഷിപ്പിക്കുന്ന ഈ അവസ്ഥ ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതക്കുകൂടി ഭീഷണിയാണ്. 2022ഓടെ പത്ത് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രത്യാശ ഉയര്‍ത്തിയവര്‍ ഭരണം തുടങ്ങിയശേഷം ഏറ്റവും വലിയ തൊഴില്‍ദാതാവായ പൊതുമേഖലയെ ശുഷ്‌കിപ്പിക്കുന്ന നടപടിയാണ് തുടരുന്നത്. സ്വകാര്യ മേഖലയിലെ തൊഴില്‍സുരക്ഷ നിയമങ്ങള്‍ മാറ്റുന്നു. Make in India, Startup India, Skill India തുടങ്ങിയവ കൊട്ടിഘോഷിച്ച നാട്ടിലാണ് തൊഴിലില്ലായ്മ മുഖ്യ പ്രതിസന്ധിയായി മാറുന്നത്. 

അസിം പ്രേംജി യൂനിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച് നോട്ട്‌നിരോധനംകൊണ്ടുമാത്രം 50 ലക്ഷം തൊഴില്‍ ഇല്ലാതായിട്ടുണ്ട്.അടുത്ത 18 മാസംകൊണ്ട് 10 ലക്ഷം ജീവനക്കാരെ സര്‍ക്കാരിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന മോദിയുടെ പ്രഖ്യാപനം മാധ്യമങ്ങളില്‍ വലിയ തലക്കെട്ടു നേടിയിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ഗീയ ചേരിതിരിവുകൊണ്ട് മറച്ചുവയ്ക്കാന്‍ പറ്റാത്ത പ്രതിസന്ധിയായി രൂപംകൊണ്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ പ്രഖ്യാപനം. BUSINESS STANDARD മുഖലേഖനത്തില്‍ വ്യക്തമാക്കുന്നതുപോലെ കഴിഞ്ഞ എട്ടുവര്‍ഷം പിന്തുടര്‍ന്ന തൊഴില്‍ നയത്തില്‍ നിന്നുള്ള പിന്നോക്കമാണിത്. നിയോലിബറലിസത്തിന്റെ കാതലായ നിലപാടുകളിലൊന്ന് സര്‍ക്കാരിന്റെ വലിപ്പം വെട്ടിച്ചുരുക്കലാണ്. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നികത്താതെ കിടന്നിരുന്ന സര്‍ക്കാര്‍ ഒഴിവുകള്‍ 4.2 ലക്ഷമായിരുന്നു. മോദിയുടെ എട്ടുവര്‍ഷംകൊണ്ട് അത് ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. നിയോലിബറലിസത്തിന്റെ കാതലായ നിലപാടുകളിലൊന്ന് സര്‍ക്കാരിന്റെ വലിപ്പം വെട്ടിച്ചുരുക്കല്‍ (down- sizing) ആണ്. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നികത്താതെ കിടന്നിരുന്ന സര്‍ക്കാര്‍ തസ്തികകള്‍ 4.2 ലക്ഷമായിരുന്നു. മോദിയുടെ എട്ടുവര്‍ഷംകൊണ്ട് അത് ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. പാര്‍ലമെന്റില്‍ ചോദ്യത്തിന് ഉത്തരമായി നല്‍കിയ കണക്കു പ്രകാരം 2020 മാര്‍ച്ച് 1ന് ഇത് 9 ലക്ഷം വരുമായിരുന്നു.  ഇതിനുശേഷമുള്ള രണ്ടുവര്‍ഷത്തെ കണക്കുകള്‍കൂടി ചേര്‍ത്താല്‍ ചുരുങ്ങിയത് 11 ലക്ഷം തസ്തികകള്‍ സര്‍ക്കാരില്‍ നികത്താതെ ഒഴിഞ്ഞുകിടക്കുകയാണ്. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകള്‍ ഉള്ളതില്‍ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ല. വളരെ വ്യക്തമായ നയത്തിന്റെ ഫലമാണ്.

പൊതുമേഖലാ കമ്പനികളിലെയും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യവല്‍ക്കരണം വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചു. ഇതിന്റെ ഫലമായി സംഘടിത മേഖലയെടുത്താല്‍ നിയോലിബറല്‍ കാലത്ത് പൊതുമേഖലകളുടെ പങ്ക്സ്വകാര്യമേഖലയേക്കാള്‍ താഴ്ന്നു. സ്വകാര്യമേഖലയിലെ തൊഴിലവസര വര്‍ദ്ധനയുടെ വേഗതയും ഇടിഞ്ഞു. അസംഘടിത മേഖലയിലെ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാണ്. റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം 1980-81 മുതല്‍ 1990-91 വരെയുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനു മുമ്പുള്ള പതിറ്റാണ്ടില്‍ തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം 2.02 ശതമാനം വീതം വളര്‍ന്നു. ഇത് ഏതാണ്ട് ജനസംഖ്യാ വര്‍ധനവിന് ഒപ്പം വരും. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചപ്പോള്‍ തൊഴിലവസര വര്‍ദ്ധന ഒപ്പം ഉയര്‍ന്നില്ലെന്നു മാത്രമല്ല താരതമ്യേന താഴുകയാണു ചെയ്തത്.

സര്‍ക്കാറിന്റെ ഏറ്റവും വലിയ മുന്‍ഗണന വിഷയമായി തൊഴിലില്ലായ്മ വരുകയും അടിയന്തരമായി അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ യുവജനരോഷം മാത്രമായിരിക്കില്ല പ്രത്യാഘാതം. നാം ഏറെ കൊട്ടിഘോഷിച്ച യുവജന സാന്നിധ്യത്തിന്റെ നേട്ടം (ഡെമോഗ്രഫിക് ഡിവിഡന്‍ഡ്) നഷ്ടപ്പെടുകയും ചെയ്യും.

റെയില്‍വേസില്‍ സ്വകാര്യവത്കരണം തുടങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനും സേവന-പെന്‍ഷന്‍ സുരക്ഷ സംവിധാനങ്ങള്‍ക്കും പേരുകേട്ട സൈനിക സേവനത്തില്‍പോലും തല്‍ക്കാല നിയമനമാണ് വരുന്നതെങ്കില്‍ എങ്ങനെയാണ് നാം തൊഴിലില്ലായ്മ പരിഹരിക്കാന്‍ പോകുന്നത്. ഇതിനിടയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള അഗ്‌നിപഥ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് ഹിഡര്‍ അജണ്ടയുടെ ഭാഗമാണെന്നതില്‍ സംശയമില്ല.

2024 ലെ തിരഞ്ഞെടുപ്പോടു കൂടി ഇന്ത്യയെ ഹിന്ദു-ബ്രാഹ്മണ രാഷ്ട്രമാക്കുക എന്ന ചിരകാല സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പായി ഈ റിക്രൂട്ട്മെന്റിനെ നിരീക്ഷിക്കുന്ന പ്രമുഖരുണ്ട്.  നോട്ട് നിരോധനം നടത്തി പണം സ്വരൂപിച്ചു ,GST യിലൂടെ നികുതി നിയന്ത്രണം വരുതിയിലാക്കി പെട്രോള്‍ നികുതി കൂട്ടിയും കുറച്ചും സംസ്ഥാന സര്‍ക്കാറുകളുടെ ക്രയവിക്രയ ശേഷി കുറക്കുകയും ചെയ്തു. സമ്പത്ത് കേന്ദ്രീകരിച്ചു കഴിഞ്ഞാല്‍ പിന്നെ വേണ്ടത് എതിര്‍ ശബ്ദങ്ങളെ കായികമായി അടിച്ചമര്‍ത്താനുള്ള മാനവ വിഭവമാണ്. അതാണ് അഗ്‌നീപഥ് പദ്ധതി വഴി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 

ഭാഗികമായോ അപര്യാപ്തമായ രീതിയിലോ പരിശീലനം ലഭിച്ചവരെ തീരുമാനിച്ചുറപ്പിച്ച ഒരു ശത്രുവുമായി ഏറ്റുമുട്ടാന്‍ നിയോഗിക്കുന്നതു മൂലമുണ്ടാകുന്ന കെടുതികള്‍ യുക്രെയ്ന്‍ യുദ്ധത്തിലെ  റഷ്യന്‍ സൈന്യത്തിന്റെ വിനാശകരമായ പ്രകടനം വ്യക്തമാിത്തരുന്നുണ്ടെന്ന് പറഞ്ഞ് ഡല്‍ഹിയിലെ സുരക്ഷ കണ്‍സള്‍ട്ടന്റായ  ബ്രിഗേഡിയര്‍ രാഹുല്‍ ബോസ്ലേ അഗ്‌നിപദിനെ വിമര്‍ശിച്ചു കൊണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

ദീര്‍ഘകാലമായി തുടര്‍ന്നു വരുന്ന റിക്രൂട്ട്മെന്റ് രീതി മുഴുവനും അവസാനിപ്പിച്ചാണ് 'അഗ്‌നിപഥ്' പദ്ധതി നടപ്പാക്കുന്നത്. പക്ഷേ കേന്ദ്ര സര്‍ക്കാരിനെ അമ്പരപ്പിച്ചുകൊണ്ട് ഉത്തരേന്ത്യയിലെങ്ങും സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രണ്ടുതവണ സേനാമേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തു. വിശദ പഠനം നടത്തിയശേഷം ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍തന്നെയാണ് ഇങ്ങനെയൊരു പദ്ധതിക്കു രൂപം നല്‍കിയത്. എന്തുവന്നാലും പദ്ധതി നടപ്പാക്കിയേ മതിയാവൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സേനാമേധാവികള്‍. 

അഗ്‌നിപഥ് പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള അന്വേഷണം സൈനിക റിക്രൂട്ട് മെന്റ് പരിശീലന കേന്ദ്രങ്ങളിലേക്ക് പോലും നീളുന്നുണ്ട്. പരിശീലന കേന്ദ്രം നടത്തിപ്പുകാര്‍ സ്പോണ്‍സര്‍ ചെയ്തതാണ് അക്രമങ്ങള്‍ എന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ വിലയരുത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. പട്നയിലെ അക്രമങ്ങള്‍ക്ക് സംഘടിതസ്വഭാവമുണ്ടെന്നാണ് രഹസ്യന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

ബിഹാര്‍, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ പ്രദേശങ്ങളില്‍ത്തന്നെയാണ് സമരം ശക്തമായ രീതിയില്‍ പൊട്ടിപ്പുറപ്പെട്ടത്. പതിവായി നടത്താറുള്ള ആര്‍മി റിക്രൂട്ട്മെന്റ് റാലികള്‍ ഇവിടെ പതിനായിരക്കണക്കിനു യുവാക്കളുടെ സ്വപ്നം തന്നെയാണ്. ഇവര്‍ക്ക് കായികക്ഷമത ഉറപ്പുവരുത്താനും മറ്റുമായി പരിശീലനം നല്‍കുന്ന സ്വകാര്യ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പരിശീലന കേന്ദ്രങ്ങളില്‍ നിന്നാണ് സമരം പൊട്ടിപ്പുറപ്പെട്ടതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലെ യുവാക്കളുടെ വലിയൊരു പ്രതീക്ഷയാണ് സൈനീക സേവനം, അവര്‍ക്കത് സുരക്ഷിതമായ വരുമാനമാര്‍ഗ്ഗവും ജീവിതവുമാണ്, അത് നഷ്ടപ്പെടുന്നു എന്ന് തോന്നിയത് കൊണ്ടാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്, മറ്റു സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേര്‍ തെരുവില്‍ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്, അത് തുടരും. എന്തായാലും 'അഗ്‌നിപഥ്' പദ്ധതി പ്രകാരമുള്ള നിയമനടപടികള്‍ക്ക് കേന്ദ്രം തുടക്കം കുറിച്ചിട്ടുണ്ട്. കത്തിപ്പടരുന്ന സമരത്തെ അവഗണിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

ഒരു കാര്യം ഉറപ്പാണ്, അഗ്‌നിപഥ് ജോലി കഴിഞ്ഞ് ഇറങ്ങുന്ന യുവാക്കള്‍ തൊഴില്‍രഹിതരാകും എന്നത് 'തെറ്റിദ്ധാരണയാണ്'. അവര്‍ ആര്‍.എസ്.എസിന്റെ സൈനികരായി ജോലിതുടരും. ഇന്നേവരെ നമ്മുടെ സൈന്യം രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. മറ്റനേകം രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്താണ് അത്. കുറ്റാന്വേഷണ/രഹസ്യാന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടപ്പോഴും സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഉന്നതമായ സ്വതന്ത്ര നിലപാട് കൈക്കൊണ്ടു. എന്നാല്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥരില്‍ ചിലര്‍ രാഷ്ട്രീയം പയറ്റുകയും അധികാര സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തു. എങ്കിലും ഒരു വന്‍ ഭൂരിപക്ഷം രാഷ്ട്രീയത്തോട് സൈനിക കാലഘട്ടത്തില്‍ പാലിച്ച മൂല്യങ്ങള്‍ തുടര്‍ന്നവരുമാണ്. അഗ്‌നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വര്‍ഷം) ജോലി ആയതിനാല്‍ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നല്‍കില്ല. ആയുധ പരിശീലനത്തിന്റെ മൂല്യങ്ങള്‍ അവരില്‍ കടന്നുകയറുകയും ചെയ്യും. അത് തുടര്‍ന്നങ്ങോട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധം സൈനികവത്കരിക്കപ്പെട്ട സംഘടന ആര്‍.എസ്.എസ് ആയിരിക്കും എന്നതില്‍ ഒരുസംശയവും വേണ്ട. അവര്‍ ആര്‍.എസ്.എസിന്റെ യുവസൈനികര്‍ ആയിക്കൂടായ്കയില്ല.

യുവ ആര്‍എസ്എസ് പ്രവര്‍ത്തകരെ പിന്‍വാതിലിലൂടെ ഒരു അര്‍ധ സൈനികദളമായി സംഘടിപ്പിക്കാനും അതിനായി ഖജനാവിലെ പണം ഉപയോഗിക്കാനുമുള്ള കുറുക്കുവഴിയാണ് ഈ പദ്ധതി. 


പി.കെ സഈദ് പൂനൂര്‍


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : അഗ്‌നിപഥ് : ഒളിയജണ്ടകള്‍ പ്രായോഗികവത്കരിക്കുമ്പോള്‍
അഗ്‌നിപഥ് : ഒളിയജണ്ടകള്‍ പ്രായോഗികവത്കരിക്കുമ്പോള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcD0bt-vaK41nbj1U9CcCVDKtOEvirdJV4zwGT81yMaDOS8MYWM05VJGkI0yDtgLvU8KjypOwDChVx4ctEP_uf_SUspBZ8KHQeRh4r_9zatUp-4xHTVaAf2rUp5OjKeNeCIvv0_WMBTvJp1xZN_69r-icMx0PAUBsJnm-vrHmJLLL__n-2sbg6DuKsyQ/w640-h482/AGNIPA.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcD0bt-vaK41nbj1U9CcCVDKtOEvirdJV4zwGT81yMaDOS8MYWM05VJGkI0yDtgLvU8KjypOwDChVx4ctEP_uf_SUspBZ8KHQeRh4r_9zatUp-4xHTVaAf2rUp5OjKeNeCIvv0_WMBTvJp1xZN_69r-icMx0PAUBsJnm-vrHmJLLL__n-2sbg6DuKsyQ/s72-w640-c-h482/AGNIPA.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2022/06/Agneepath%20implementing%20hidden%20agendas%20%20.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2022/06/Agneepath%20implementing%20hidden%20agendas%20%20.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content